പ്രസിദ്ധമായ ഈ വ്രതം ശിവപ്രീതികരമാണ്. ത്രയോദശസന്‌ധ്യക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്‌ഠിക്കുന്നത്. പ്രദോഷസന്‌ധ്യയില്‍ പാര്‍വതീദേവിയെ പീഠത്തില്‍ ഇരുത്തിയിട്ട് ശിവന്‍ നൃത്തം ചെയ്യുന്നു. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നു. ഈ ദിവസം വിധി പ്രകാരം വ്രതമനുഷ്‌ഠിക്കുന്നത് മൂലം സകല പാപങ്ങളും നശിക്കുന്നു. ദാരിദ്ര്യദുഃഖശമനം, ആയുസ്സ്, കീര്‍ത്തി, ശത്രുനാശം, സന്താനലബ്‌ധി ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം കൈ വരുന്നു.
പ്രഭാത സ്‌നാനത്തിന് ശേഷം ശുദ്ധവസ്‌ത്രം ധരിച്ച് ഭസ്‌മലേപനവും രുദ്രാക്ഷവുമണിഞ്ഞ് ശിവക്ഷേത്രദര്‍ശനം നടത്തുക. പകല്‍ ഉപവസിച്ചു ഭക്തി പൂര്‍വ്വം പഞ്ജാക്ഷരം ജപിക്കുക. വൈകിട്ട് കുളിച്ചതിന് ശേഷം സന്ധ്യക്ക് ശിവക്ഷേത്രദര്‍ശനം നടത്തി കൂവള പുഷ്‌പാഞ്ജലി, കൂവളമാല, വെള്ളനിവേദ്യം എന്നിവ നടത്തിയതിനുശേഷം നിവേദ്യം ഭക്ഷിച്ച് വ്രതമവസാനിപ്പിക്കാവുന്നതാണ്.
ശിവപാര്‍വ്വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില്‍ ശിവഭജനം നടത്തുന്നത് അഭീഷ്‌ടസിദ്ധിക്ക് അതിവിശേഷമാണ്. ഈ സന്ധ്യയില്‍ സകല ദേവതകളുടെയും സാന്നിധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാകും. കൃഷ്‌ണപക്ഷവും ശനിയാഴ്‌ചയും കൂടി വരുന്ന പ്രദോഷത്തിന് ഗുണം കൂടും. തിങ്കളാഴ്‌ച വരുന്ന പ്രദോഷം വളരെ നല്ലതാണ്. സമ്പത്ത്, ഐശ്വര്യം, സന്താനസൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുന്ന വൃതമാണിത്. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതം അനുഷ്‌ഠിക്കണം. ജാതകത്തില്‍ ഇഷ്‌ടദേവത ആദിത്യനാണെങ്കില്‍ ജാതകന്‍ പതിവായി പ്രദോഷവ്രതം അനുഷ്‌ഠിക്കുന്നത് ഐശ്വര്യപ്രദവും, കൂടുതല്‍ ഫലപ്രദവുമായിരിക്കും.